പലപ്പോഴും വിശ്വാസം ഒരു വിശ്വാസമായി മാത്രം നിലനിൽക്കുകയാണ് പതിവ്. പലരിലും വിശ്വാസം പ്രവർത്തികമണ്ഡലത്തിൽ സജ്ജമാകുന്നത് കാണാറില്ല.
ഇന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് എങ്ങനെ വിശ്വാസം പ്രവർത്തിയായി പരിണമിക്കും എന്നതിനെക്കുറിച്ചാണ്.
നിൻറെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ നമ്മോടു പലരും പറയുന്നതും, അത് നാം തന്നെ മറ്റുള്ളവരോട് പറയുന്നതുമാണ്. എന്നാൽ എങ്ങനെയാണു നിൻറെ വിശ്വാസം നിന്നെ രക്ഷിക്കുന്നത് എന്ന് അറിയാത്തതിനാൽ, പലപ്പോഴും അതുനടക്കില്ല എന്ന് പറയുന്നതിന് പകരം വിശ്വാസത്തിൻറെ തലയിൽ ആ വിഷയത്തെ കൊണ്ടിടുകയാണ് നമ്മുടെ പതിവ്.
എന്നാൽ നിൻറെ വിശ്വാസം നിന്നെ രക്ഷിക്കും എന്ന് പറയുന്നത് പാഴ്വാക്കല്ല, ശരിക്കും സത്യമായ കാര്യമാണ്. വിശ്വാസം ഇല്ലായ്മയാണ് പലപ്പോഴും നമ്മിൽ രക്ഷ കൊണ്ടുവരാത്തത്ത്.
ഇതിൻറെ പിന്നിലെ ചിലസത്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം –
നിങ്ങൾ കേട്ടിട്ടില്ലേ ചിലർ ചില പള്ളികളിൽ പോയി എന്ത് പ്രാർത്ഥിച്ചാലും അതുപോലെ നടക്കും. മറ്റുചിലർ ചില അമ്പലങ്ങളിൽ പോയി എന്ത് പ്രാർത്ഥിച്ചാലും അതുപോലെ നടക്കും. ചിലർ ചില വ്യക്തികളോട് പറയുന്ന കാര്യം അതുപോലെ അച്ചെട്ടായി സംഭവിക്കും.
എടത്വപള്ളി, വേളാങ്കണ്ണിപള്ളി, വെട്ടുകാട്പള്ളി, കുരിശുമല ഇതൊക്കെ ഇന്ന് എല്ലാമതത്തിലുള്ളവരും വിശ്വസിക്കുന്ന പള്ളികൾ ആണ്.
ഗുരുവായൂർ അമ്പലം, ശബരിമല, ചോറ്റാനിക്കര അമ്പലം, പളനി അമ്പലം, രാമേശ്വരം അമ്പലം ഇങ്ങനെ അനവധി ചെറുതും വലുതുമായ അമ്പലങ്ങളും ഇന്ന് മതഭേദം ഇല്ലാതെ ഉദ്ദേശശുദ്ധി നൽകും എന്ന് പേരുകേട്ടവയാണ്.
ബീമാപള്ളി, പൊന്നാനി ജുമാമസ്ജിത്, എരുമേലി വാവർമോസ്ക്, താഴത്തങ്ങാടിമോസ്ക് തുടങ്ങി അനേകം മുസ്ലിം പള്ളികളും ഇത്തരത്തിൽ പ്രസക്തിയാർജിച്ചവയാണ്.
ശ്രദ്ധിച്ചാൽ മനസിലാകും എല്ലാർക്കും എല്ലാസ്ഥലങ്ങളും ഫലപ്രാപ്തി അല്ല, ചിലർക്ക് ചിലസ്ഥലങ്ങൾ ഫലപ്രാപ്തി നൽകുന്നു. ഫലപ്രാപ്തി ലഭിച്ചവർ അവരുടെ അനുഭവം പറയുമ്പോൾ മറ്റുള്ളവരും അത് പിന്തുടരുന്നു ഫലപ്രാപ്തി പ്രാപിക്കുന്നു. അങ്ങനെയെങ്കിൽ എന്തായിരിക്കും ഈ സ്ഥലങ്ങളുടെ പ്രത്യേകത? ഈ സ്ഥലങ്ങളിലൂടെയാണോ ദൈവാനുഗ്രഹം ഉണ്ടാകുന്നതു?
മതത്തിലും ആചാരങ്ങളിലും വിശ്വാസം ഇല്ലാത്തവർ ഇതൊന്നും അംഗീകരിക്കുന്നില്ല, എന്നാൽ ബൈബിൾ നോക്കിയാൽ … യഹൂദന്മാർ ലോകത്തിൽ എവിടെയാണേലും പണ്ട് കാര്യസാധ്യത്തിനായി ജറുസലേമിൽ, ആ ദേവാലയത്തിൽ വരുമായിരുന്നു.
ചുരുക്കത്തിൽ ചിലർക്ക് ചിലസ്ഥലങ്ങൾ, ചിലർക്ക് ചില പള്ളികൾ, ചിലർക്ക് ചില ക്ഷേത്രങ്ങൾ, ചിലർക്ക് ചില മോസ്കുകൾ, ചിലർക്ക് ചില ദൈവങ്ങൾ… … നിങ്ങൾ നെറ്റിചുളിക്കണ്ട ഇന്ന് 99% ക്രിസ്ത്യാനികളും യേശുവിൻറെ നാമം, യേശുവിൻറെ രക്തം ഇതൊക്കെ കാര്യസാധ്യത്തിനായി ഉപയോഗിക്കുന്നുണ്ട്.
അപ്പോൾ ഇതിലൊക്കെ എന്തോ കാര്യമുണ്ട് എന്ന് മനസ്സിലായോ… അതെന്താണ് എന്ന് കണ്ടെത്തുകയാണ് നമ്മുടെ ലക്‌ഷ്യം!
നമ്മുടെ ഒരു ആവശ്യത്തിന് വേണ്ടിയാണു, മുകളിൽ പറഞ്ഞ ഒരു സ്ഥലം അല്ലങ്കിൽ ഒരു ദൈവത്തെ പ്രാർത്ഥനക്കായി നാം തിരഞ്ഞെടുക്കുക. നമ്മുടെ ആവശ്യം നിറവേറാൻ വേണ്ടിയുള്ള platform ആണ് അമ്പലം ആയലം അല്ലങ്കിൽ ഒരു ദൈവം.
ആ പ്ലാറ്റ്‌ഫോം ഓരോ ആവശ്യങ്ങൾക്കനുസരിച്ചു വ്യക്തികൾക്കനുസരിച്ചു സാഹചര്യങ്ങൾക്കനുസരിച്ചു മാറാം. എന്തായാലും പ്ലാറ്റ്‌ഫോം സജ്ജമായാൽ അടുത്ത് അവിടെപ്പോയി ആവശ്യം എന്താണോ അത് പറയുക എന്നതാണ് അടുത്തകാര്യം. എന്തുപറയും എങ്ങനെ പറയും എന്നതും വ്യക്തിഗതമാണ്.
ഒരുപക്ഷെ ഞാൻ ഇങ്ങനെ പറഞ്ഞാൽ നിങ്ങൾക്കു മനസിലാകണം എന്നില്ല. ഞാൻ ഒന്നുരണ്ടു ഉദാഹരണങ്ങളിലൂടെ പറയാം അപ്പോൾ കുറച്ചൂടെ നിങ്ങളിലേക്ക് ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം പതിയും
ഒരു ചെറിയ കുട്ടിക്ക് ഒരു ആഗ്രഹം സൈക്കിൾ വേണം. സൈക്കിൾ എന്ന പ്രതീക്ഷ പ്രവർത്തികതലത്തിൽ അതിനെ എത്തിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം അപ്പനും അമ്മയും ആണെന്നുള്ള വിശ്വാസം ഉടലെടുപ്പിക്കാൻ തുടങ്ങി. ഇതുവരെ കാണാത്ത സൈക്കിൾ അപ്പനിലുടെയും അമ്മയിലുടെയും അവൻ കണ്ടു. അങ്ങനെ വിശ്വാസത്താൽ അവൻ അപ്പനോടും അമ്മയോടും സൈക്കിൾ വേണമെന്നുള്ള ആവശ്യം പറഞ്ഞു. അതിനാവശ്യമായ സാമ്പത്തികം ഞങ്ങളുടെ കയ്യിൽ ഇല്ലാത്തതിനാൽ നീ ദൈവത്തോട് പ്രാർത്ഥിക്കു എന്ന മറുപടി അതിനു ലഭിച്ചു.
സ്വന്തമായി ഇതുവരെ കാണാത്ത സൈക്കിൾ എന്ന ആവശ്യം അപ്പനിൽഅമ്മയിൽ കണ്ടു, അപ്പൻഅമ്മ എന്ന പ്ലാറ്റ്‌ഫോമിൽ വിശ്വാസം അർപ്പിച്ചു, ചോദിച്ചപ്പോൾ അവനു മറുപടി കിട്ടി, കുറച്ചൂടെ ഉന്നതമായ മറ്റൊരു പ്ലേറ്റുഫോം ക്രമീകരിക്കുക എന്ന്.
ഇപ്പോൾ അവനു വിശ്വാസത്തിൻറെ അടുത്ത തലത്തിലേക്ക് കയറേണ്ടതുണ്ട്, അപ്പനും അമ്മയ്ക്കും കഴിയാത്തതു ദൈവത്തിനു ചെയ്തുതരാനായി പറ്റും. അപ്പോൾ ഇനി അവൻറെ മുന്നിൽ അടുത്ത പ്ലാറ്റ്‌ഫോം തയ്യാറാകണം. അതിനായി അവൻ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ തൻറെ കൂട്ടുകാരനു ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടു അവനു അത് സാധിച്ചു കിട്ടിയത് കുറച്ചകലെയുള്ള ഒരു കുരിശടിയിൽ കാണിക്കായിട്ടു പ്രാർത്ഥിച്ചപ്പോൾ അന്ന് മനസിലായി.
അങ്ങനെ അവൻറെ ഉള്ളിൽ അടുത്ത പ്ലേറ്റുഫോം വിശ്വാസത്താൽ തയാറാക്കാൻ തീരുമാനിച്ചു. സാധനം മേടിക്കാൻ തരുന്ന കാശിൽ കുറച്ചു മിച്ചം പിടിച്ചു കുരിശടിയിൽ നേർച്ചക്കായുള്ള കാണിക്ക തയ്യാറാക്കി. ഇപ്പോൾ അവനിൽ കാണാത്ത സൈക്കിൾ എന്ന പ്രതീക്ഷ കുരിശടിയിൽ നേർച്ചയിലൂടെയുള്ള പ്ലേറ്റുഫോം എന്ന വിശ്വാസം ആയി പരിണമിച്ചു. അങ്ങനെ അവൻ എങ്ങനെയാണോ കൂട്ടുകാരൻ അവിടെ പോയി ആവശ്യം അറിയിച്ചത് അതുപോലെ കുരിശടിയിൽ നേർച്ച കഴിച്ചു ആവശ്യം പറഞ്ഞു.
അവനെ സംബന്ധിച്ചിടത്തോളം ആ കുരിശടിയിൽ ഉള്ള ദൈവത്തിൽ അല്ല, കൂട്ടുകാരൻ പറഞ്ഞ കുരിശടിയാണ് അവൻറെ പ്ലാറ്റ്‌ഫോം. അങ്ങനെ അവൻ അവിടെ പോയി നേർച്ച കാണിക്ക ഇട്ടു വിശ്വാസത്താൽ പറഞ്ഞു, എനിക്കൊരു സൈക്കിൾ വേണം. വീണ്ടും വിശ്വാസത്തിൻറെ പ്രവർത്തി അവിടെ സജ്ജമായി.
അത്ഭുതം എന്നുപറയട്ടെ ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻറെ അപ്പൻ ജോലിചെയ്തിരുന്ന കമ്പനി ലാഭവിഹിതം എല്ലാ തൊഴിലാളികൾക്കും പങ്കുവച്ചു നൽകിയപ്പോൾ ഒരു സൈക്കിൾ വാങ്ങാനുള്ള പണം ലഭിക്കുകയും അങ്ങനെ അവനു പ്രതീക്ഷിച്ച സൈക്കിൾ ലഭിക്കുകയും ചെയ്തു.
നിങ്ങൾ ഒന്നുടെ ഈ എഴുതിയ കഥ വായിച്ചാൽ നിങ്ങൾക്കു മനസിലാകും, പണമല്ല, അപ്പനല്ല, അമ്മയല്ല, നേർച്ചപണം അല്ല, കുരിശടിയല്ല, കുരിശടിയിലെ ദൈവവും അല്ല ഇതിനു കാരണം മറിച്ചു ആവശ്യവും അതിനനുസരിച്ചു ലഭിക്കും എന്നുള്ള വിശ്വാസവും, ആ വിശ്വാസത്തെ പ്രതി അവൻ ഉണ്ടാക്കിയ പ്ലാറ്റ്ഫോമും, വിശ്വാസത്തോടെയുള്ള അവൻറെ പ്രഖ്യാപനവും ആണ് കാര്യം എന്ന് മനസിലാകും.
മറ്റൊരുസത്യം പരോക്ഷമായോ പ്രത്യക്ഷമായോ ഈ പറഞ്ഞതൊക്കെ അവൻറെ വിശ്വാസത്തിൻറെ പ്രവർത്തനമേഖലയിൽ പങ്കാളിത്തം വഹിച്ചു എന്നതും വിസ്മരിക്കാനാകില്ല.
എന്നാൽ എന്തുകൊണ്ടോ അന്നുമുതൽ കൂടുതൽ പ്രശസ്തി ആർജ്ജിക്കാനായി പോകുന്നത് ആ കുരിശടിയും നേർച്ചയും ആണെന്നുള്ളതാണ് ഭാഗ്യമോ, നിർഭാഗ്യമോ ആയ കാര്യം !!
ഈ കുരിശടിയുടെ സ്ഥാനത്തു ഇന്നത്തെ പ്രശസ്തി നേടിയ പള്ളിയെയോ അമ്പലത്തെയോ സ്ഥലങ്ങളെയോ എന്തുവേണേലും നിങ്ങൾക്കു പ്രതിഷ്ഠിക്കാം.
അങ്ങനെ എങ്കിൽ ചിന്താശേഷിയുള്ളവർ മനസിലാക്കേണ്ടത് –
ആവശ്യം ശക്തമെങ്കിൽ…
അത് ലഭിച്ചതുപോലെ പ്രതീക്ഷിക്കാൻ കഴിയുമെങ്കിൽ …
അതിനായി ചിലതു ചെയ്യുവാൻപാകത്തിൽ വിശ്വാസം കൂട്ടാമെങ്കിൽ …
വിശ്വാസത്തോടെ അതിനായുള്ള ചില പ്ലാറ്റ്‌ഫോം തയ്യാറാക്കാൻ ആകുമെങ്കിൽ …
ആ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് ചിലതു ശക്തമായി പറയുവാൻ കഴിയുമെങ്കിൽ …
അത് ഉളവായി കയ്യിൽ എത്തും വരെ പ്രതീക്ഷയോടെ ഈ കാര്യങ്ങൾ ശക്തമായി വീണ്ടും വീണ്ടും ചെയ്യാൻ തയ്യാറാണെങ്കിൽ …
ആഗ്രഹിച്ചത്, പ്രതീക്ഷിച്ചത്, വിശ്വസിച്ചത്, പറഞ്ഞത്, മുന്നിൽ വെളിപ്പെടാൻ വേണ്ടും മുഖാന്തിരങ്ങൾ തന്നെ സജ്ജമാകും….
അതാണ് വിശ്വാസത്തിൻറെ പ്രായോഗികത.
ഒന്ന് ഓർമ്മിപ്പിക്കട്ടെ – ഇതിൽ ദൈവത്തിനു കാര്യമൊന്നും ഇല്ല കേട്ടോ!
കാരണം നിങ്ങൾ നല്ലതാഗ്രഹിച്ചാലും മോശമായതാഗ്രഹിച്ചാലും എന്താണോ ആഗഹിക്കുന്നതു അത് പ്രായോഗികതലത്തിൽ വെളിപ്പെടും.
ഇത് ദൈവം പ്രപഞ്ചത്തിൽ മുന്നമേ നിയമിച്ച ഒരു വ്യവസ്ഥയാണ്. നല്ലതാകിലും തീയതാകിലും മാർഗ്ഗം ഒന്നുതന്നെ!

നിങ്ങൾ വായിച്ച ദൈവീക വെളിപ്പെടുത്തലുകൾ നിങ്ങൾക്ക് മൂല്യമുള്ളതായി തോന്നിയെങ്കിൽ ഈ Article/Book നുള്ള വില നിങ്ങൾക്ക് തന്നെ നിശ്ചയിക്കാം.
Account Number
IFS Code
67076468940
SBIN0070737