മിടുക്കിയും സുന്ദരിയുമായ അമ്മുക്കുട്ടിയുടെ ജീവിതം താളം തെറ്റിത്തുടങ്ങി. കാര്യമില്ലാതെ തന്നെ ദേഷ്യപെടുക, മണിക്കൂറുകൾ ഒറ്റക്കുപോയി ഇരിക്കുക, ഹോംവർക്ക് ചെയ്യാതിരിക്കുക, പഠിക്കാതിരിക്കുക മാത്രമല്ല ഭക്ഷണം പോലും നേരെ കഴിക്കാതെ ആയി.

നിയന്ത്രണാതീതമായി കാര്യങ്ങൾ മാറിയപ്പോൾ ഡോക്ടറുടെ സഹായം തേടേണ്ടതായി വന്നു. എന്നാൽ അതിൽ ഒന്നും അമ്മുകുട്ടിയുടെ പ്രകൃതം നേരെ ആയില്ല. ഒടുവിൽ പലപല കൗൺസലിംഗ് ചെയ്യുന്ന സ്ഥലങ്ങൾ കൊണ്ടുപോയി മാറ്റം ഒന്നും വന്നില്ല. യഥാർത്ഥ കാര്യം അറിയാത്ത വീട്ടുകാർ ഒടുവിൽ ആരോ പറഞ്ഞതനുസരിച്ചു ഒരു പെന്തകോസ്ത് പള്ളിയിൽ അഭയം പ്രാപിച്ചു.

വെള്ള പാന്റും വെള്ള ഷർട്ടും ധരിച്ച് ക്ലീൻ ഷേവ് ഒക്കെ ചെയ്ത ഒരു കറുത്തിരുണ്ട മനുഷ്യനായിരുന്നു അവിടത്തെ പസ്റൊർ. വർക്കപ്പണി ചെയ്തുകൊണ്ടിരുന്നപ്പോൾ ദൈവവിളി ഉണ്ടായിട്ട് ഒന്നും നേരെ ചൊവ്വേപഠിക്കാതെ ബൈബിൾ എടുത്തിറങ്ങി പാസ്റ്റർ ആയ വ്യക്തിയാണ്. എന്തായാലും വാർക്കപ്പണി അറിയാമായിരുന്നതുകൊണ്ട് അധികം ചിലവില്ലാതെ ഒരു ഷെഡ് കെട്ടി ചുരുങ്ങിയ നാളുകൾ കൊണ്ട് കുറച്ചു വ്യക്തികളെ കൂട്ടി ഒരു പള്ളിത്തുടങ്ങി. തനി പെന്തകോസ്ത് ഇളക്കപ്പെരുപ്പത്തിന്റെ പരിപാടികളും ബാധയൊഴിപ്പിക്കൽ പരിപാടികളും തട്ടികൂട്ടിയപ്പോൾ അധ്വാനിക്കാതെ കാശുണ്ടാക്കാനായുള്ള വഴിയായി.

അമ്മുകുട്ടിയെ കണ്ടപ്പോൾ ബാധഒഴിപ്പിച്ചു കാശ്‌ ഉണ്ടാകാനായുള്ള ഒരു ഇരയെ കിട്ടിയ സന്തോഷം ആ പാസ്റ്ററിന്റെ കറുത്തിരുണ്ട മുഖത്തെ ഓട്ടവീണ വെളുത്ത പല്ലുകളിൽ പ്രതിഫലിച്ചു. അങ്ങനെ എല്ലാ വെള്ളിയാഴ്ചയും ഉപവാസ പ്രാർത്ഥനക്ക് ഒടുവിൽ അമ്മുകുട്ടിയുടെ ബാധയൊഴിപ്പിക്കൽ ചടങ്ങാണ്. പ്രത്യേകം കൃപാവരങ്ങൾ ഉള്ള വ്യക്തികളെ മാത്രമേ (കള്ളത്തരങ്ങൾക്ക് കൂട്ടനിൽക്കാൻ പരിശീലനം ലഭിച്ചവർ) അതിൽ പങ്കെടുപ്പികത്തുള്ളൂ… ബാക്കിയുള്ളവർ ഇച്ചിരി മാറിനിന്നുവേണം കാര്യങ്ങൾ ദർശിക്കാൻ.

സ്ഥിരമായി എല്ലാ വെള്ളിയാഴ്ചയും ഈ കലാപരിപാടി ഏകദേശം ആറുമാസത്തിലധികം അവിടെ നിറവേറിക്കൊണ്ടിരുന്നു. ആദ്യമൊക്കെ ശാസനയും ആട്ടലും തുപ്പലും ഒക്കെ ആയിരുന്നെങ്കിൽ പതിയെ പതിയെ പാവം അമ്മുകുട്ടിയെ ബാധ ഒഴിപ്പിക്കാനായി പുളിങ്കമ്പ് കൊണ്ട് അടിക്കാനും തുടങ്ങി.

ഉണ്ടായിരുന്ന മാനസിക വ്യഥക്കു പുറമെ അടി കാരണം ഇപ്പോൾ ശാരീരിക വ്യഥയും കൂടി. കാണുന്നവരൊക്കെ അമ്മുകുട്ടിയുടെ ശരീരത്തിൽ പൈശാചിക ബാധയുണ്ട് എന്നുപറഞ്ഞു ഒഴിഞ്ഞു നടക്കാനായി തുടങ്ങി.

ഇതറിഞ്ഞിട്ട് കാര്യങ്ങൾ അന്വേഷിക്കാനായി ഈ പെന്തെക്കോസ്ത് ഷെഡിൽ പാസ്റ്ററിനെ കാണാനായി പോയി. വേണ്ടിവന്നാൽ ചോദ്യം ചെയ്യാൻ വരുന്നവരെ അടിച്ചോടിക്കാൻ പാകത്തിനുള്ള വ്യക്തികളെ വളർത്തിയെടുത്തിട്ടുണ്ട് അവിടെ. പാസ്റ്റർക്ക് മറ്റ് മാർഗങ്ങൾ ഒന്നും രക്ഷയില്ലെന്ന് കണ്ടപ്പോൾ ദൈവത്തിൻറെ നാമം പറഞ്ഞു ശപിക്കാനും ദുഷിക്കാനും തുടങ്ങി. എന്തായാലും അവസാനം അമ്മുകുട്ടിയെ ആ പ്രകൃതമനുഷ്യന്മാരിൽ നിന്നും മോചിപ്പിച്ചു.

ഇതിൽ ആർക്കാണ് തെറ്റ് പറ്റിയത്? അമ്മുകുട്ടിക്കോ?
ഇതിന് ഉത്തരവാദി, അമ്മുകുട്ടിയുടെ മാതാപിതാക്കളും സമൂഹവും തന്നെയാണ്!

വിദ്യാഭ്യാസം ഉണ്ടായിട്ടും അറിവ് ഉണ്ടായിട്ടും, മനുഷ്യൻറെ ഉള്ളിലെ ഭക്തിയിൽ നിന്നും ഉണ്ടാകുന്ന ഒരുതരം ഭയമാണ് ഇതിന് കാരണം. ഈ ഭയം മുതലെടുത്താണ് മതവും മതവക്താക്കളും ഇന്ന് മുടക്കുമുതലില്ലാത്ത വലിയ വാണിഭപ്രസ്ഥാനങ്ങൾ കെട്ടിപൊക്കിയിരിക്കുന്നത് !