അപ്പുകുട്ടൻ ഒറ്റമകനായതുകൊണ്ട് ഒറ്റക്കാണ് വളർന്നത്. കളിക്കണോ കൂട്ടുകൂടാനോ വേറെ ആരും ഇല്ലാത്തതിൽ അമ്മ അവന് കളിക്കാനായി ടിവിയിൽ കൂടെ കളിയ്ക്കാൻ പറ്റുന്ന ഒരു വീഡിയോ ഗെയിം സെറ്റ് മേടിച്ചു കൊടുത്തു.

ആദ്യമൊന്നും അവനത് ഇഷ്ടമായില്ല, ദൂരെ കുട്ടികൾ ഒരുമിച്ചു ബഹളംവച്ചു കളിക്കുന്നത് കൊതിയോടെ അവൻ ജനലിലൂടെ നോക്കിനിൽക്കുമായിരുന്നു. വേറെ നിർവാഹം ഒന്നും ഇല്ലാത്തതിനാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അവൻ മെല്ലെ വീഡിയോ ഗെയിം കളിക്കാനായി തുടങ്ങി…

ആദ്യമൊക്കെ അവന് താല്പര്യം തോന്നിയില്ലെങ്കിലും പതിയെ പതിയെ അതിൽ അവൻ താല്പര്യം കണ്ടെത്തിതുടങ്ങി. വീഡിയോ ഗെയിം രസകരമായി തുടങ്ങിയപ്പോൾ ടിവി വളരെ ചെറിയതായതിനാൽ ഒരു വലിയ ടിവിയുടെ ആവശ്യകത അവൻ അമ്മയെ അറിയിച്ചു.

മകൻ പുറത്തുള്ള മറ്റുകുട്ടികളോടൊപ്പം കളിച്ചു വഷളായിപ്പോകാതെ താൻ മേടിച്ചുകൊടുത്ത വീഡിയോ ഗെയിം കളിക്കുന്നത് കണ്ടപ്പോൾ അമ്മയ്ക്ക് ഏറെ സന്തോഷമായതിനാൽ വലിയ ടിവി എന്ന അപ്പുക്കുട്ടന്റെ ആഗ്രഹം അമ്മ വിസമ്മതം കൂടാതെ നിറവേറ്റി…

അങ്ങനെ വീഡിയോ ഗെയിം അവന് ഹരമായി തുടങ്ങി… അല്പനാളുകൾ കഴിഞ്ഞപ്പോൾ വീഡിയോ ഗെയിമിൻറെ ആസ്വാദനം കുറച്ചൂടെ വർദ്ധിക്കണം എങ്കിൽ നല്ല സൗണ്ട് എഫ്ഫക്റ്റ് വേണം എന്ന് അപ്പുക്കുട്ടന് മനസിലായി. അമ്മയോട് അവൻ പുതിയ ആവശ്യം പറഞ്ഞപ്പോൾ എതിർപ്പൊന്നും കൂടാതെ മകൻറെ ആ ആഗ്രഹവും അമ്മ നിറവേറ്റികൊടുത്തു.

ആഴ്ചയിൽ ഒരിക്കൽ അപ്പുക്കുട്ടന്റെ അപ്പൻ വീട്ടിൽ വരുമ്പോൾ അപ്പുക്കുട്ടൻറെ വ്യത്യാസങ്ങൾ മനസിലാക്കിയിട്ട് കൂടുതൽ സമയം ഗെയിം കളിക്കാതെ പഠിത്തത്തിൽ ശ്രദ്ധിക്കാൻ പറയുമായിരുന്നു. മാത്രവുമല്ല ടിവിയിലെ മറ്റു പരിപാടികൾ കാണുന്നതിനായി അദ്ദേഹം ആഗ്രഹിക്കുമ്പോൾ അപ്പുക്കുട്ടന്റെ ഗെയിം പ്രോഗ്രാം കാരണം അത് സാധിക്കാതെയായി.

മറ്റു നിർവാഹമൊന്നും ഇല്ലാത്തതിനാൽ അപ്പുക്കുട്ടനെ പിണക്കാതിരിക്കാൻ അമ്മയുടെ നിർദ്ദേശം അനുസരിച്ചു പുതിയ ഒരു 3D മോണിറ്ററടങ്ങുന്ന കമ്പ്യൂട്ടർ മേടിച്ചിട്ട് സൗണ്ട് സിസ്റ്റത്തോടൊപ്പം അപ്പുക്കുട്ടന്റെ മുറിയിലേക്ക് മാറ്റി. അങ്ങനെ മുറിക്കകത്തിരുന്നുകൊണ്ടു അപ്പുകുട്ടൻ വിശാലമായി ഗെയിം കളിച്ചുതുടങ്ങിയപ്പോൾ ഗെയിം സൗണ്ട് വീണ്ടും ഒരു പ്രശ്നമായി മാറിയതിൽ മുറിയടച്ചിരുന്നു കളിക്കാനായി അമ്മ നിർദ്ദേശിച്ചു…

ഇപ്പോൾ വീഡിയോ ഗെയിം അപ്പുക്കുട്ടന്റെ ഹരമായി മാറി ഉണ്ടായിരുന്ന ഗെയിംസ് ഒക്കെ മെല്ലെ പഴയതാകാൻ തുടങ്ങിയപ്പോൾ ഇന്റർനെറ്റ് ഉണ്ടെങ്കിൽ എല്ലാ ഗെയിംസും അപ്ഡേറ്റ് ചെയ്ത് ന്യൂ വേർഷൻ ആക്കാൻ സാധിക്കും എന്ന് അപ്പുക്കുട്ടന് മനസിലായി. അങ്ങനെ ഇന്റർനെറ്റ് വേണം എന്ന് അമ്മയോട് ആവശ്യപ്പെട്ടപ്പോൾ ഒറ്റമോനെ നിരാശനാക്കണ്ട മാത്രമല്ല വീട്ടിനകത്തുതന്നെ സമയം ചിലവിട്ടാൽ അനാവശ്യകൂട്ടുകെട്ടില്ലാതെ മകൻ നന്നായി വളരും എന്ന് തോന്നിയ അമ്മ ആ ആവശ്യവും നിറവേറ്റി കൊടുത്തു. ഇന്റർനെറ്റിലൂടെ വീഡിയോ ഗെയിംസിൻറെ ഒരു പുതിയ ലോകം അപ്പുക്കുട്ടന്റെ മുന്നിൽ വിശാലമായി തുറക്കപ്പെട്ടു. മണിക്കൂറുകൾ അങ്ങനെ അപ്പുകുട്ടൻ വീഡിയോ ഗെയിം ലോകത്തു പാറിപ്പറന്നു ഉല്ലസിക്കാനായി തുടങ്ങി…

P3

പലപ്പോഴും ഭക്ഷണത്തിൻറെ സമയം തെറ്റാനായി തുടങ്ങി… പഠിത്തത്തിൽ ശ്രദ്ധകുറഞ്ഞു തുടങ്ങി… മുറിക്കകത്തു കൂടുതൽ സമയം ചിലവഴിക്കാൻ ആരംഭിച്ചു. അപ്പൻ ആഴചയിൽ ഒരിക്കലേ വീട്ടിൽ വരികയുള്ളു എന്നതിനാൽ അമ്മയുടെ നിയന്ത്രണം ഒന്നും അപ്പുക്കുട്ടനെ സ്വാധീനിക്കാതെയായി…

ഇടയ്ക്കിടെ ഗെയിം അപ്ഡേറ്റ്സ് ആഡ്-ഓൺസ്‌ ലഭിക്കുന്നതിനായി ചെറിയ തുകകൾ ആവശ്യമായി വന്നത് അമ്മയോട് ഡിമാൻഡ് ചെയ്തു മേടിക്കാനായി തുടങ്ങി… മെല്ലെ മെല്ലെ അപ്പുകുട്ടൻ ഓൺലൈൻ വീഡിയോ ഗെയിംസ് മാസ്മരികലോകത്ത് അഡിറ്റ് ആയി മാറി.

സ്കൂളിൽ പലപ്പോഴും പോകാതെയായി, രാത്രിയിൽ ഉറക്കമില്ലാതെ മണിക്കൂറുകൾ ഗെയിം കളിക്കാനായി ചിലഴിക്കും… പകൽ സമയം ബോധമില്ലാത്തതുപോലെ ഉറങ്ങും… ആഹാരക്രമങ്ങൾ മുഴുവൻ തെറ്റി… അമ്മയുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും അപ്പുക്കുട്ടനെ അസ്വസ്ഥനാക്കിയതിനാൽ വല്ലാതെ ദേഷ്യത്തിൽ അപ്പുകുട്ടൻ പ്രതികരിച്ചു തുടങ്ങി… തർക്കങ്ങൾ ഒന്നുരണ്ടുവട്ടം അമ്മയുടെ നേരെ ദേഹോപദ്രവുമായി മാറിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയ കാര്യം അമ്മ മനസിലാക്കിയത്.

പല ഡോക്ടർമാരെയും കാണാനായി തുടങ്ങി… കൗൺസലിംഗ് നൽകിനോക്കി… അവസാനം സൈക്കാർട്ടിസ്റ്റിനെ കണ്ടിട്ടുപോലും അപ്പുക്കുട്ടന്റെ വാശിയും ദേഷ്യവും കൂടിയതേയുള്ളു.

പലപ്പോഴും Counselling ന് കൊണ്ടുപോകുമ്പോൾ അപ്പുക്കുട്ടൻറെ ഭാഗത്തുള്ള തെറ്റായും അപ്പുക്കുട്ടന്റെ മാനസിക വൈകല്യമായും കാര്യങ്ങൾ ചിത്രീകരിക്കപ്പെട്ടു,,,,

ആവർത്തിച്ചുള്ള Counsellors ൻറെ ഉപദേശങ്ങളും ആൾക്കാരുടെ കുറ്റപ്പെടുത്തലുകളും മാതാപിതാക്കളുടെ ഒറ്റപെടുത്തലും അപ്പുക്കുട്ടനെ കൂടുതൽ മാനസിക സംഘർഷങ്ങളിലേക്ക് നയിച്ചു…

ഇതിൽ ആർക്കാണ് തെറ്റ് പറ്റിയത്? അപ്പുക്കുട്ടനോ അതോ വീഡിയോ ഗെയിംമിനോ?
വേറെ ആരുമല്ല ഇതിന് ഉത്തരവാദി, അപ്പുക്കുട്ടന്റെ മാതാപിതാക്കൾ തന്നെയാണ്!

മാതാപിതാക്കൾ മക്കളോട് തുറന്ന് സംസാരിക്കാതെ കുട്ടികളുടെ വ്യക്തിത്വവികസനം നൽകുന്നതിനാവശ്യമായ സാഹചര്യങ്ങൾ നൽകാതെ വളർത്തുമൃഗങ്ങളെപോലെ വീട്ടിൽ തളച്ചിട്ട് വളർത്തിയതിലുള്ള വീഴ്ച തന്നെയാണ് ഇത്തരത്തിലുളള വൈകല്യങ്ങൾക്ക് കാരണം!