
പെന്തെക്കോസ്ത് ഷെഡിൽ നിന്നും തട്ടിക്കൂട്ട് പാസ്റ്ററിൽ നിന്നും രക്ഷപെട്ട അമ്മുകുട്ടിയെ, തൻറെ പാരമ്പര്യ പള്ളിതന്നെയാണ് നല്ലതെന്ന് ചിന്തിച്ച അമ്മുകുട്ടിയുടെ പിതാവ് കുർബ്ബാനയ്ക്കും സൺഡേക്ലാസ്സിനും സി എസ് ഐ ഇടവകയിൽ കൊണ്ടാക്കി.
ജീവനില്ലാത്ത ചത്തതിന് തുല്യമായ പാരമ്പര്യ ആരാധനാക്രമങ്ങൾ അടിസ്ഥാനമാക്കിയ അറുബോറൻ സി എസ് ഐ ഇടവക പരിപാടികളിൽ അമ്മുക്കുട്ടി വേറെ ഗത്യന്തരമില്ലാത്തതിനാൽ പങ്കെടുക്കുവാനായി തുടങ്ങി. ഉറങ്ങിയും ഞരങ്ങിയും കുറേനാളുകൾ അങ്ങനെ പള്ളിയിൽ ചടങ്ങുതീർക്കാനായി പോയി.
അടുത്ത അദ്ധ്യായാന വർഷമായപ്പോൾ മീശക്കാരൻ വർക്കിച്ചായന്റെ സൺഡേക്ലാസ്സിൽ അമ്മുകുട്ടിയെ വേദപഠനത്തിനായി ആക്കി. പാരമ്പര്യ സംബ്രദായങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാത്ത കർക്കശ ചിന്താഗതിയുള്ള വർക്കിച്ചായൻ പള്ളിയിൽ മാത്രമല്ല നാട്ടിലും പഴമയുടെ നിറകുടമാണ്. എന്തായാലും അമ്മുകുട്ടിയുടെ വിധി അല്ലാതെന്ത് പറയാൻ!
ബൈബിളിൽ എഴുതിയിരിക്കുന്നപോലെ പണ്ട് മോശ ഇസ്രേയൽ രാജ്യത്ത് ജനങ്ങൾക്ക് നിയമവ്യവസ്ഥ ഇല്ലാതിരുന്ന കാലത്ത് അവർക്കുവേണ്ടി ദൈവത്തിന്റെ പേരിൽ ഉണ്ടാക്കികൊടുത്ത കല്പനകളെ എല്ലാം കാണാതെ പഠിപ്പിക്കയും എഴുതിപ്പിക്കയും ചെയ്തു.
മാത്രവുമല്ല ഇസ്രേയൽ രാജ്യത്ത് ഇസ്രായേൽ ജനങ്ങൾ പാലിക്കേണ്ട ആ നിയമങ്ങൾ ലോകത്തിലെ സകലമനുഷ്യരും പാലിക്കണം എന്ന് ക്രിസ്തീയ മതം ഉണ്ടാക്കിയെടുത്ത ദുരാചാരത്തെ പാവം പിഞ്ചു കുട്ടികളുടെ മനസിലും ജീവിതത്തിലും എടുത്താൽ പൊങ്ങാത്ത ഭാരമായി കെട്ടിവയ്ക്കാനും തുടങ്ങി.
ഈ കല്പനങ്ങളും നിയമാവലികളും തെറ്റിച്ചാൽ പാലിക്കാതെ വന്നാൽ ദൈവം കോപിക്കും എന്നുള്ള പാരമ്പര്യ കെട്ടുകഥയെ ഇളം മനസുകളിൽ ഭീതിയുണർത്തും വിധം പാകിയുറപ്പിച്ചു. മാത്രവുമല്ല മതം ചമച്ചുണ്ടാക്കിയ മരണശേഷം ഉണ്ടാകാൻ പോകുന്ന നരകത്തിലെ ഭീകരമായ അവസ്ഥയെകുറിച്ചും സ്വർഗ്ഗത്തിലെ ആഡംബര ജീവിതാവസ്ഥയെകുറിച്ചും കുരുന്നു മനസുകളിൽ കളങ്കം വിതച്ചുറപ്പിച്ചു.

മദ്യപാനം പുകവലി പ്രത്യുല്പ്പാദനത്തിന് അല്ലാതെയുള്ള ലൈംഗീകത തുടങ്ങി ദൈവം കോപിക്കുന്ന ജീവിതത്തിൽ അനുഗ്രഹങ്ങൾ ഇല്ലാണ്ടാകുന്ന ഒരു നീണ്ട പട്ടിക കുഞ്ഞുങ്ങളുടെ മനസ്സിൽ പാപത്തിന്റെ ബോധം ജനിപ്പിക്കുന്ന രീതിയിൽ തിരുകിക്കയറ്റി.
ഇങ്ങനെ അമ്മുകുട്ടിയുടെ മനസ്സിൽ മതത്തിൻറെ വിഷം നിറഞ്ഞ വിത്തുകൾ ധാരാളമായി വിതക്കപ്പെട്ടു. ആ ഭയത്തിലും ആധിയിലും ജീവിതത്തെ വീക്ഷിക്കാനായി തുടങ്ങിയ അമ്മുകുട്ടിയുടെ ജീവിതത്തിൽ പിന്നെ സംഭവിച്ചത് എന്താണെന്നോ…?
ഒരു സാധാരണ ഗ്രാമവാസിയായ അന്നന്ന് അധ്വാനിച്ചു ജീവിക്കുന്ന ഒരു നല്ല യുവാവ് അമ്മുകുട്ടിയെ വിവാഹം കഴിച്ചു. വളരെ നല്ല സ്നേഹമുള്ള ആ ചെറുപ്പക്കാരൻ അമ്മുകുട്ടിയുടെ എല്ലാകാര്യങ്ങളും ഭംഗിയായി നോക്കി. എന്നാൽ അവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രത്യുല്പാദനത്തിന് അല്ലാതെ ഉണ്ടായ എല്ലാ ലൈംഗീക വീഴ്ചകളും പാപമായി അമ്മുകുട്ടിയുടെ മനസ്സിൽ രൂപപ്പെട്ടു.
അദ്ധ്വാനം കഴിഞ്ഞു ക്ഷീണം മാറ്റാൻ അല്പം മദ്യപിക്കുന്ന ഭർത്താവിനെ ക്രിസ്തീയമതം പഠിപ്പിച്ച സാത്താൻറെ പ്രതീകമായി അമ്മുക്കുട്ടി കണ്ടു. നിസ്സാരകാര്യങ്ങൾപോലും പാപം പാപം എന്ന് മുദ്രകുത്തി അമ്മുക്കുട്ടി മതത്തിന്റെ സർപ്പവിഷത്തെ കുടുംബജീവിതത്തിൽ കൊണ്ടുവന്നു സമാധാനപരമായ ജീവിതത്തെ ക്രമം തെറ്റിച്ചു. പാപചിന്തയും പാപബോധവും അമ്മുകുട്ടിയുടെ കുടുംബജീവിതത്തിന്റെ നിറഭംഗിയെ കെടുത്തി.
അരമനകളിൽ മദ്യലഹരിയിൽ കൂത്താടുകയും കന്യാസ്ത്രീമഠങ്ങളിൽ രതിലീലാവിലാസങ്ങൾ നടത്തുകയും ചെയ്യുന്ന മതവക്താക്കൾക്ക് അമ്മുകുട്ടിയുടേതുപോലുള്ള ജീവിത ദുരിതകഥകൾ ധനസമ്പാദനത്തിനുള്ള പുതിയ ധ്യാനകേന്ദ്രങ്ങളുടെ ചാലുകളായി മാറികൊണ്ടിരിക്കുന്നു.
മാതാപിതാക്കളും സമൂഹവും മതവക്താക്കളും ഇങ്ങനെ കുട്ടികളെ മാനസികമായും ശാരീരികമായും ആത്മീയമായും തളർത്തുകയും ചൂഷണം ചെയുകയും ചെയ്യുമ്പോൾ ജീവിക്കാനുള്ള ഒരു വ്യക്തിയുടെ ജന്മാവകാശമാണ് നിഷേധിക്കപെടുന്നത്!
അവസാനം ഒരു സർക്കാർ മാനസികരോഗ ആശുപത്രിയിൽ ജന്നൽ കമ്പികളിൽ ചങ്ങലയാൽ ബന്ധിക്കപ്പെട്ടു സകലതും നഷ്ടപെട്ട് അമ്മുകുട്ടി ചികിത്സയിൽ ആയി.
ഇവിടെ ആർക്കാണ് തെറ്റ് പറ്റിയത്? അമ്മുകുട്ടിക്കോ അതോ മതത്തിനോ?
വേറെ ആരുമല്ല ഇതിന് ഉത്തരവാദി, അമ്മുകുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ്! പിന്നെ ഈ പ്രാകൃതസമൂഹവും ചൂഷണം ചെയ്യുന്ന മതവക്താക്കളും!
മാതാപിതാക്കൾ കുട്ടികൾക്ക് വ്യക്തിത്വവികസനം നൽകുന്നതിനാവശ്യമായ നല്ല സാഹചര്യങ്ങൾ നൽകാതെ, കേവലം വളർത്തുമൃഗങ്ങളെപോലെയും ഹോമവസ്തുക്കളെപോലെയും മതത്തിൻറെ പ്രാകൃതമായ ആചാരാനുഷ്ടാനങ്ങളെയും സംബ്രദായങ്ങളെയും അടിച്ചേല്പിച്ചുകൊണ്ട് സ്വാർത്ഥ ചിന്താഗതിയോടെ വളർത്തിയതിലുള്ള അപാകത തന്നെയാണ് ഇത്തരത്തിലുളള വൈകല്യങ്ങൾക്ക് പ്രധാന കാരണം!