ഓൺലൈൻ വീഡിയോ ഗെയിംസിന്റെ മാസ്മരികലോകത്ത് അഡിറ്റ് ആയി മാറിയ അപ്പുകുട്ടനെ അതിൽ നിന്നും പിന്തിരിപ്പിക്കാനായി അമ്മ മറ്റൊരു വഴി അവലംബിച്ചു.

ദിവസവും ബൈബിളിൽ നിന്നും ഒരു സങ്കീർത്തനം കാണാതെ പഠിച്ചു പറയുകയും എഴുതുകയും ചെയ്യുക. ഒരു ദിവസം ഒരു സങ്കീർത്തനം പഠിച്ചാൽ മാത്രമേ അന്ന് അത്താഴം കൊടുക്കുകയുള്ളു. കൂടുതൽ സമയവും വീഡിയോ ഗെയിംസിന്റെ പുറകെ ഇരിക്കുന്ന അപ്പുക്കുട്ടന് ഇതിനൊക്കെ എവിടെ സമയം.

എന്നാൽ മെല്ലെ കളി കാര്യമായി തുടങ്ങി. ഏതു സമയവും അമ്മ സങ്കീർത്തനം പഠിക്കാനായി അപ്പുക്കുട്ടനെ നിർബന്ധിച്ചു സംസാരിച്ചുകൊണ്ടിരിക്കും. പഠിക്കാത്തതിനാൽ അത്താഴം കൊടുക്കാതെ അപ്പുക്കുട്ടനെ പട്ടിണിക്കിടുവാനും തുടങ്ങി.

അവസാനം മറ്റൊരു നിർവ്വാഹവും ഇല്ലത്തതിനാൽ സങ്കീർത്തനങ്ങൾ പഠിക്കുന്നവയി അപ്പുകുട്ടൻ മനസില്ലാമനസോടെ തീരുമാനിച്ചു.

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ….

ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു…

യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു. അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു….

ഇങ്ങനെ ഓരോ ദിവസവും ശപിച്ചും പിറുപിറുത്തും ഓരോ സങ്കീർത്തനങ്ങൾ അപ്പുകുട്ടൻ വൈരാഗ്യബുദ്ധിയോടെ മനഃപാഠമാക്കാൻ തുടങ്ങി. അമ്മയോടുള്ള വെറുപ്പ് അവന് കൂടാൻ തുടങ്ങി. സകലത്തിനോടുമുള്ള അപ്പുക്കുട്ടന്റെ വിരക്തി കൂടുതൽ മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചു.

കുട്ടികളിലേക്ക് നിർബന്ധിത മതപഠനം അടിച്ചേല്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പ്രായപൂർത്തിയാകുമ്പോൾ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നപോലെ സ്വയം തിരഞ്ഞെടുക്കേണ്ട ഒന്നാണ് മതവും വിശ്വാസവും. ജനിപ്പിച്ചതുകൊണ്ട് തൻറെ വിശ്വാസം മക്കളിലേക്ക് അടിച്ചേൽപ്പിക്കുന്നത് അകൃത്യമാണ്.

ബൈബിൾ വാക്യങ്ങൾ മനഃപാഠമാക്കുന്നതുകൊണ്ട് എന്ത് ഗുണമാണ് ഉള്ളത്. ഇന്നയോളം ഒന്നാം സങ്കീർത്തനം പഠിച്ചതുകൊണ്ടും മനഃപാഠമാക്കിയതുകൊണ്ടും ഉണ്ടായ ജീവിതനേട്ടങ്ങൾ ആർക്കെങ്കിലും ആധികാരികമായി പറയുവാൻ സാധിക്കുമോ?

അരവട്ടനെ മുഴുവട്ടനാക്കുന്ന കാര്യങ്ങളാണ് ഇന്ന് മാതാപിതാക്കൾ മക്കളോട് കാണിച്ചുകൂട്ടുന്നത്!

ഇതിൽ ആർക്കാണ് തെറ്റ് പറ്റിയത്? അപ്പുക്കുട്ടനോ അതോ ബൈബിളിനോ?
വേറെ ആരുമല്ല ഇതിന് ഉത്തരവാദി, അപ്പുക്കുട്ടന്റെ മാതാപിതാക്കൾ തന്നെയാണ്!

മാതാപിതാക്കൾ കുട്ടികൾക്ക് വ്യക്തിത്വവികസനം നൽകുന്നതിനാവശ്യമായ സാഹചര്യങ്ങൾ നൽകാതെ വളർത്തുമൃഗങ്ങളെപോലെ വീട്ടിൽ തളച്ചിട്ട് മാതാപിതാക്കളുടെ പ്രാകൃതമായ ചിന്തകളും വിശ്വാസങ്ങളും അടിച്ചേല്പിച്ചുകൊണ്ട് വളർത്തിയതിലുള്ള വീഴ്ച തന്നെയാണ് ഇത്തരത്തിലുളള വൈകല്യങ്ങൾക്ക് കാരണം!